13-April-2023 -
By.
കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതിയ്ക്ക് പുതിയ ഉണര്‍വ്. താജ് ഗ്രൂപ്പുമായി ചേര്‍ന്നുള്ള താജ് സിയാല്‍ ഹോട്ടല്‍ അടുത്തവര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ഹോട്ടല്‍ നടത്തിപ്പിനുള്ള കരാര്‍ ടാറ്റയുടെ ഉപകമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡിന് (ഐ.എച്ച്.സി.എല്‍) ലഭിച്ചു. താജ് ഗ്രൂപ്പിന്റെ ഉടമസ്ഥരാണ് ഐ.എച്ച്.സി.എല്‍. ദേശീയ ടെന്‍ഡറിലൂടെയാണ് സിയാല്‍, ഹോട്ടല്‍ നടത്തിപ്പുകാരെ തിരഞ്ഞെടുത്തത്. ഹോട്ടലിന്റെ അനുബന്ധ സൗകര്യ വികസനത്തിനായി ഐ.എച്ച്.സി.എല്‍ 100 കോടി രൂപ നിക്ഷേപിക്കും. 2024 മധ്യത്തോടെ താജ് സിയാല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് കരുതുന്നതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
കൊച്ചി വിമാനത്താവള ടെര്‍മിനലുകള്‍ക്ക് തൊട്ടടുത്തായി സിയാല്‍ പണികഴിപ്പിച്ചിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ 112 മുറികളുണ്ട്. സിവില്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. താജ് ബ്രാന്‍ഡിന്റെ നിലവാരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളാണ് ഇനിയുള്ളത്. ഇതിനായി 100 കോടിയോളം രൂപ ഐ.എച്ച്.സി.എല്‍ മുടക്കും.
15 മാസത്തിനുള്ളില്‍ താജ് സിയാല്‍ ഹോട്ടല്‍ പ്രവര്‍ത്തനം . കരാര്‍ പ്രകാരമുള്ള വരുമാനഭാഗം ഐ.എച്ച്.സി.എല്‍ സിയാലിന് നല്‍കും.ലോകത്തിലെ ഏറ്റവും പ്രശസ്തരായ ഹോട്ടല്‍ ഓപ്പറേറ്ററുമായി സഹകരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു. 'സിയാല്താജ് സഹകരണം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കും. വ്യോമയാന ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സിയാലിന്റെ പദ്ധതികളില്‍ നിര്‍ണായക സ്ഥാനമാണ് പഞ്ചനക്ഷത്ര ഹോട്ടലിനുള്ളത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വമ്പന്‍ വികസനത്തിന് ഒരുങ്ങുകയാണ്. ടാറ്റയുടെ തന്നെ ഹോട്ടല്‍ ശൃംഖലയില്‍ കൊച്ചി വിമാനത്താവളവും കണ്ണിയാകുന്നതോടെ വ്യോമയാനടൂറിസം മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കപ്പെടും. സിയാലിന്റെ സ്വപ്ന പദ്ധതിയായ ഹോട്ടല്‍ പ്രോജക്ടിന്റെ ടെന്‍ഡര്‍ പ്രക്രിയ വന്‍ വിജയകരമാക്കിയതില്‍ ചെയര്‍മാന്റേയും ബോര്‍ഡ് അംഗങ്ങളുടേയും പങ്ക് വളരെ വലുതാണെന്നും സുഹാസ് കൂട്ടിച്ചേര്‍ത്തു. സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ കേരളത്തിലെ ഏറ്റവും മികച്ച ഹോട്ടലായി മാറുമെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്
വ്യക്തമാക്കി. പ്രവര്‍ത്തനത്തിലും നിര്‍മാണത്തിലുമായി, 20 ഓളം പ്രൊജക്ടുകളാണ് കേരളത്തില്‍ നിലവില്‍ താജിനുള്ളത് . സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതി കൊച്ചിയിലെ അഞ്ചാമത്തെ പ്രോജക്ടാണ്.
മൂന്നാമത്തെ വലിയ പ്രോപ്പര്‍ട്ടിയും. കരാര്‍ വ്യവസ്ഥകളനുസരിച്ച്, താജ് എന്ന ബ്രാന്‍ഡ് സംസ്കാരം നിലനിര്‍ത്തികൊണ്ട് നിലവിലുള്ള ഘടനയില്‍ അത്യാധുനിക സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടലിനെ കേരളത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ ഒന്നാക്കി മാറ്റാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും താജ് അധികൃതര്‍ വ്യക്തമാക്കി.
സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍, വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് എതിര്‍വശത്ത്, 4 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിച്ചിട്ടുള്ളത്. 2.04 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം. റസ്റ്റോറന്റ്, സര്‍വീസ് ബാര്‍ എന്നിവയുമുണ്ട്. ഒരു വശത്ത് വിമാനത്താവളവും മറുവശത്ത് മലനിരകളും ദൃശ്യമാകുന്ന രീതിയില്‍ ഇരുവശങ്ങളിലേക്കുമായാണ് ഹോട്ടല്‍ മുറികള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. വിമാനത്താവളത്തിന് അഭിമുഖമായി 440 ചതുരശ്ര മീറ്റര്‍ പാര്‍ട്ടിഹാള്‍, രണ്ട് ബോര്‍ഡ് റൂമുകള്‍, വിമാനത്താവളത്തിന്റെ വിശാലമായ കാഴ്ച നല്കുന്ന ടെറസ് ഡൈനിംഗ് ഏരിയ എന്നിവയും ഹോട്ടലിന്റെ സവിശേഷതകളാണ്.രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടേഡ് ഗേറ്റ്വേയായി സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ 2022 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 18ഹോള്‍ ഗോള്‍ഫ് കോഴ്സ്, കണ്വെന്ഷന് സെന്റര്‍ എന്നിവയും സിയാലിനുണ്ട്. വ്യോമയാന ഇതര വരുമാന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.